ഇന്റർനെറ്റിനെ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ബൃഹത്തായ വ്യാപാരശൃംഖലകളിലൊന്ന്, ആലിബാബ കെട്ടിപ്പടുത്ത ജാക് മായുടെ ജീവിതകഥ. കടംവാങ്ങിയ ചെറിയ തുകയിൽനിന്നുതുടങ്ങി സഹസ്രകോടികളുടെ ആസ്തിയുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ബിസിനസ്സ് മാന്ത്രികൻ്റെ ജീവിതയാത്ര. ആവേശോജ്ജ്വലമാണ് ആ വളർച്ചയുടെ കഥ.
ആകാശംമുട്ടെ ഉയർന്ന ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും ഉപഭോക്താക്കളോടുള്ള പരമപ്രധാനമായ പ്രതിബദ്ധതയുമായിരുന്നു ആ വളർച്ചയുടെ മൂലക്കല്ലുകൾ. വളർന്ന് ഒരു വടവൃക്ഷംപോലെയായപ്പോഴും തന്നെ വളർത്തിയവരോടുള്ള കടപ്പാടും പ്രതിബദ്ധതയും ആ മനുഷ്യൻ കൈവിട്ടില്ല. മാത്രമോ, തന്നെപ്പോലെ നല്ല ആശയങ്ങളുമായി മികച്ച തുടക്കമിടുന്ന ലോകമെമ്പാടുമുള്ള നവസംരംഭകർക്ക് കൈത്താങ്ങുമായി. അപ്രകാരം ജാക് മായുടെ പിന്തുണ ലഭിച്ച സംരംഭങ്ങളിൽ കേരളത്തിൽനിന്നുള്ള വ്യത്യസ്‌തസ്റ്റാർട്ടപ്പ് ആയ "ബൈജൂസ് ലേണിംഗ് ആപ്പും" ഉൾപ്പെടുന്നു.