01 Jan 1970 05:30:00 AM

സ്വന്തം പൗര ജനത്തോട് പടയ്ക്കിറങ്ങുന്ന അധികാരം - പി.ടി. കുഞ്ഞാലി

ഒരു ജൻമം  കൊണ്ട് നിരവധി ജീവിതം അനുഭവിക്കുന്ന അത്യന്തം സർഗാത്മകമായൊരു അനുഭൂതിയാണ് വായനയെന്ന് പൊതുവേ പറയാറുണ്ട് . ഈയൊരു പരികൽപന സമ്പൂർണ്ണമായും സാധ്യമാകുന്ന ഒരു പുസ്തകമാണ് പാനായിക്കുളം എൻ ഐ എ കേസിലെ പ്രതി റാസിക് റഹീം എഴുതി കോഴിക്കോട് പ്രതീക്ഷാബുക്സ് പുറത്തിറക്കി ഐപിഎച്ച് വിതരണം ചെയ്യുന്ന 'തടവറക്കാലം' എന്ന ആത്മകഥ.  യൗവനം ഊഞ്ഞാലാടുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ വളരെ സൗമ്യ ഭാഷണത്തിൽ പ്രചോദിതരാക്കി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു.  കണ്ടുകണ്ടിരിക്കുമ്പോൾ നാനാതരം കുറ്റങ്ങൾ ചുമത്തി തടവറകളിലേക്കും നിർദ്ദയ  വ്യവഹാരങ്ങളിലേക്കും അവരെ ക്രുദ്ധതയോടെ ചതിച്ചു തള്ളുന്നു. കാണെക്കാണെ അവർ കൊടും കുറ്റവാളികളും ഭീകരവാദികളുമാക്കപ്പെടുന്നു .രക്ഷപ്പെടാനാവാത്ത വിധം ആണ്ടാണ്ട് പോകുന്ന പെരും ഭീതിയുടെ കഴങ്ങളിൽ നിന്നും കരകയറിപ്പോരാൻ റാസിഖ് റഹീമും സഹോദരന്മാരും ബലിയാക്കിയത് നീണ്ട പതിനേഴ് വത്സരം. അതിനിടയിൽ നടന്ന അത്യന്തം ദീർഘവും നാടകീയവും ഉദ്വേഗ പൂർണ്ണവുമായ വ്യവഹാരകാലം. എന്തും സംഭവിക്കാവുന്ന ഒരു കാൽവരിക്കാലം. നീണ്ടുപോയ തടവും വ്യവഹാരസംഘർഷങ്ങളുമൊഴിഞ്ഞ് ജീവിതത്തിലേ ക്കീയുവാക്കൾ തിരിച്ചു വന്നപ്പോൾ നഷ്ടപ്പെട്ടത് കർമ്മനിരതരാവേണ്ട നിരവധി വർഷങ്ങളും .  

വ്യവസ്ഥയുടെ വേട്ടനായ്ക്കൾ അപ്പോഴും നിന്ന് കിതച്ചു . പുതിയ കുറ്റവാളികളെ തേടിയുള്ള ആർത്തിയും ചുരയും ആ കണ്ണുകളിൽ തുടുത്തു നിന്നു.  2006ലെ ഓഗസ്റ്റ് പതിനഞ്ച്. അന്ന് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിൽ  പരിസരങ്ങളിലെ ഏതാനും യുവാക്കൾ ഒത്തുചേരുന്നു .  സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെയ്ക്കുന്ന ഒരു സാധാരണ പ്രാദേശിക സമ്മേളനം മാത്രമായിരുന്നു അവരുടെ നോട്ടത്തിലുണ്ടായിരുന്നത്. അത്. ആർക്കും പങ്കെടുക്കാവുന്ന തുറന്നു വേദിയിൽ പകൽ വെട്ടത്തിൽ നടന്നൊരു  ചെറു യോഗം. യോഗ സ്ഥലത്തിലേക്ക് തികച്ചും സാധാരണമായി ഏതാനും പോലീസുകാർ കടന്നുവരുന്നു .ഒരു എ എസ് ഐയും ഏതാനും പോലീസുകാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വളരേനേരം പരിപാടികൾ നിരീക്ഷിച്ച്   തുടരാൻ ആവശ്യപ്പെടുകയായിരുന്നുവത്രേ പോലീസുകാർ. ശേഷം ഏതോ ചില വിശദീകരങ്ങൾ ചോദിച്ചറിയാൻ ഒന്ന് സ്റ്റേഷൻ വരെ എത്തണമെന്നവർ സൗമ്യതയിൽ പറഞ്ഞു പോകുന്നു .സൗഹൃദം കിനിയുന്ന  ക്ഷണപ്രകാരം റാസിക്കും സംഘവും സ്റ്റേഷനിൽ എത്തുന്നു .

അതോടെ പോലീസ് സ്റ്റേഷനിലെ ഭാഷയും ഭാവവും മാറുന്നു. മട്ടും മാതിരിയും കാലാവസ്ഥയും അപ്പാടെ മാറുന്നു.. എല്ലാ സാധാരണത്വവും വിട്ട് സ്റ്റേഷനും പരിസരവും അതൃത്തികളിലെ പട്ടാള ബാരക്കുകളെ പോലെ പ്രക്ഷുബ്ധമാവുന്നു . വർത്തമാനങ്ങൾ ആക്രോശങ്ങളായും സൗമ്യത തെറിയഭിഷേകമായും ഇരമ്പിത്തുടങ്ങി.  പോലീസ്സംവിധാനങ്ങൾ ഒരു നായാട്ട് സംഘത്തിൻ്റെ രൂക്ഷത കൈവരിച്ചു . പരസ്യമായി തുറന്ന വേദിയിൽ നടന്ന ഒരു ചെറു സംഘാടനം രാജ്യം പൊളിക്കുവാനുള്ള ഭീകര പ്രവർത്തനമായി മാറി. പെടുന്നനെ ഈ യുവാക്കൾ കൊടുംഭീകരവാദികളും തീവ്രവാദികളുമായി . എൻ ഐ എ  കുതിച്ചെത്തുന്നു. കുട്ടികൾ യു എ പി എയുടെ തടവുകാരായി ആലുവ സബ് ജയിലിൽ . ഈ സംഘത്തിൽ റാസിഖ് റഹിം മാത്രമല്ല ഉണ്ടായിരുന്നത്. നിസാമുദ്ദീൻ, അൻവർ, ഷമ്മാസ്, ഷാദുലി  തുടങ്ങി നിരവധിപേർ ഉണ്ടായിരുന്നു . ഇതിൽ പലരും  അകത്താവുന്നു. പോലീസ് ഇവരെയൊക്കെയും ചേർത്ത് അപസർപ്പക കഥകൾ എഴുതി വെച്ചു.  അതത്രയും പോലീസ്  ഭാഷയായി നമ്മുടെ വാർത്താവിനിമയ മാർഗ്ഗ ങ്ങളിലൂടെ നിരന്തരം പുറത്തെത്തി. ഒരു നാടും  മനുഷ്യരും അതോടെ നങ്കൂരമില്ലാത്തവരായി. ഭീതിയുടേയും അപരത്വത്തിൻ്റേയും തിരമാലയിൽ ഒഴുകി നടന്നു.  ഇക്കഥകളാണ് റാസിക്കിൻ്റെ പുസ്തകത്തിൽ അതിൻ്റെ സർവ പരഭാഗശോഭയോടും കൂടി വിശദീകരിക്കുന്നത്.  ഒരു സമൂഹത്തെയൊട്ടാകെ സ്വാതന്ത്ര്യദിനത്തെ ഒറ്റിയ ദേശവിരുദ്ധരായി മാറ്റാൻ എത്ര എളുപ്പത്തിൽ അധികാര ഗർവിന് സാധിച്ചുവെന്നോ.  നിരപരാധികളെ ലോക്കപ്പിൽ അടച്ച പോലീസ് അവിടെ വച്ച് പ്രയോഗിക്കുന്ന തെറിയഭിഷേകങ്ങൾ അത്രമേൽ ആഭാസമായിരുന്നു. നമ്മുടെ പോലീസ് ഭാഷ മലയാളസാഹിത്യത്തിൽ നേരത്തേതന്നെ വിശ്രുതമാണല്ലോ.  ആർക്കോ വേണ്ടി എവിടെനിന്നോ ആരൊക്കെയോ പിരിച്ചൊരുക്കിയ കുരുക്കിൽ നിരപരാധികളായ ഈ യുവാക്കളെ ചതിച്ച് പിടിക്കുകയായിരുന്നു.  

അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടതോടെ ചാനലുകളും ദേശീയ പ്രാദേശിക മലയാള പത്രമാധ്യമങ്ങളും  മസാലകൾ ചേർത്ത കഥകൾ വിളമ്പിത്തുടങ്ങി. വസ്തുസ്ഥിതി യാഥാർത്ഥ്യങ്ങളൊന്നും അവർക്ക്  തടസ്സമായില്ല. ഒരു ജനതയെ എങ്ങനെയൊക്കെ അപരമാക്കാമോ അതത്രയും ആഘോഷ പ്പൊലിമകളോടെ അവർ നിരന്തരം നിർവഹിച്ചു കൊണ്ടേയിരുന്നു.  പാനായിക്കുളം കേസിലെ പ്രതികളെ അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ബന്ധിപ്പിച്ചു കൊണ്ടാണ് മാതൃഭൂമിപത്രം വാർത്ത ചെയ്തത്. സാധാരണമായ ജയിൽ സന്ദർശനത്തിനെത്തിയ എംഎൽ എ യൂസഫ് നെ ചേർത്ത് പിറ്റേന്ന് മറ്റൊരു പത്രം വാർത്ത എഴുതിയത് പാനായിക്കുളം സിമി കേസിലെ പ്രതികളെ കാണാൻ യൂസഫ് എംഎൽഎ ജയിൽ സന്ദർശിച്ചു എന്നായിരുന്നു . എംഎൽഎ യുടെ പേര് യൂസഫ് എന്നാണല്ലോ. അതവർ വേണ്ടത്ര ജാഗ്രതയിൽ ഉപയോഗിച്ചു. നിരോധിക്കപ്പെട്ട സിമിയെ പ്രതി  ഏഷ്യാനെറ്റ് റിപ്പോർട്ടർ അവതരിപ്പിച്ച ദീർഘമായ കാര്യപരിപാടിയും സത്യത്തിൽ പാനായിക്കുളം കേസിൽ കൂടുതൽ ഉറപ്പും കരുത്തും ഉണ്ടാക്കിയെടുക്കാൻ തന്നെയായിരുന്നു.  ബോധപൂർവ്വം  അധ്വാനിച്ചുണ്ടാക്കിയ അക്കഥ വലിയ കണ്ടെത്തലായിട്ടാണ് അന്ന് ഏഷ്യാനെറ്റ് ആഘോഷിച്ചത്. അങ്ങനെ ഒരു സർഗാത്മക സമൂഹത്തെ അധമവൽക്കരിക്കാൻ ഇതൊക്കെയും ഉപയോഗപ്പെട്ടതിൽ വേണ്ടപ്പെട്ടവർക്കൊക്കെ ആശ്വസിക്കാം. ഈ ഗൂഢാലോചന എങ്ങനെ തുടങ്ങിയെന്നും എങ്ങനെയൊക്കെ പ്രവർത്തിച്ചുവെന്നും അതിൻ്റെ പരിണാമമെങ്ങനെയൊക്കെയായിരുന്നുവെന്നും റാസിക് തൻ്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. 

സത്യം സമത്വം സ്വാതന്ത്ര്യം എന്നൊക്കെ മുഖാവരണം എഴുതി തൊട്ടു താഴെ അപര വിദ്വേഷത്തിന്റെ പാഷാണക്കെട്ടുകൾ വിതറിയാണ് ഒരടിസ്ഥാനവുമില്ലാത്ത ഈ കേസിൽ  നമ്മുടെ മാധ്യമ ഹരിചന്ദ്രന്മാർ  പെരുമാറിയത്. അക്കാര്യങ്ങൾ പുസ്തകം കൃത്യമായി പറഞ്ഞു തരും. റാസിഖിൻ്റെ ഭാര്യാ സഹോദരനായ ''ഷിബിലിയുടെ വീട്ടിൽ വിദേശനിർമ്മിതമായ വാഹനങ്ങൾ വരുന്നുവെന്നും അവരുടെ വീട്ടിനു മുകളിൽ കോപ്റ്ററുകൾക്ക് ഇറങ്ങാൻ പാകത്തിൽ ഹെലിപ്പാടുകൾ ഉണ്ടെന്നുമുള്ള  അശ്ലീല കഥയാണ് കേരളകൗമുദിയുടെ സംഭാവന. ഷിബിലിയുടെ ബന്ധു ബംഗ്ലാദേശിൽ അറസ്റ്റിലായെന്ന ഇല്ലാ കഥയെഴുതിയത് മംഗളം പത്രവും. പാനായിക്കുളം കേസിൽ  പ്രതിയാക്കപ്പെട്ട ഒരാളാണ് ഷിബിലി .2008 മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളാണദ്ദേഹം. തടവ് കാലത്ത് തന്നെ  ഷിബിലി അഹമ്മദാബാദ് കേസിലും പ്രതിയായി . കോടതി വാദത്തിൽ എളുപ്പം പൊളിഞ്ഞുപോകാൻ മാത്രമേ ബലമുണ്ടായിരുന്നുള്ളൂ ഈ കേസ് കെട്ടിന്. പക്ഷേ ഈയൊരു മാരക വ്യവഹാരം പരമാവധി ബലപ്പെടുത്തിയെടുക്കാനും ഈ യുവാക്കളെ കുരുതി കൊടുക്കാനും അതുവഴി ഒരു സമൂഹത്തിൻറെ ആത്മബോധത്തെ അട്ടിമറിക്കാനും മാത്രം പര്യാപ്തമായിരുന്നു ഈ നീചകൃത്യങ്ങൾ. അതിനായവർ പുതിയ പുതിയ സാക്ഷികളെ നിരത്തി  . നിരവധി കള്ളരേഖകൾ എഴുതിയുണ്ടാക്കി കേസിലേക്ക് നിരന്തരം തിരികിക്കയറ്റി. ഈ കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട ഒരാളാണ് റഷീദ് മൗലവി. ഇദ്ദേഹം അവിടുത്തെ സലഫി പള്ളിയിലെ ഇമാമും സലഫി പണ്ഡിതനുമാണ്. റഷീദ് മൗലവി സ്വമേധയാൽ ഈ യോഗത്തിൽ  ആദ്യാന്തം പങ്കെടുത്ത ഒരാൾ. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന മൗലവി അപ്രതീക്ഷിതമായി മാപ്പുസാക്ഷിയാവുകയും പിന്നീട് കേസിൽ യുവാക്കൾക്കെതിരെ പോലീസിൽ സ്വയം പരാതി നൽകുകയും ചെയ്യുന്നു. വിചാരണ സമത്തയാൾ കുട്ടികൾക്കെതിരേ നിരന്തരം സാക്ഷിമൊഴിയും കൊടുത്തു . 

ഏത് സംഭീത കാലത്തും സത്യസാക്ഷ്യം മാത്രം നിർവഹിക്കണമെന്ന് ജനത്തെ പഠിപ്പിക്കുകയും അവർക്ക് മതാനുനുഷ്ഠാനങ്ങളിൽ നേതൃത്വം നൽകുകയും ചെയ്ത അയാൾ കോടതിയിൽ പോയി നിരപരാധികളെ നിരന്തരം നിർദയം ഒറ്റി. സാക്ഷിവിസ്താരത്തിൽ  ഈ സലഫി പണ്ഡിതൻ പ്രതികൾക്കെതിരെ തുരുതുരാ കളവുകൾ പറയുന്നതും സ്വന്തം സുഹൃത്തുക്കളെ ദേശദ്രോഹികളാക്കാൻ ബോധപൂർവ്വം കുതറുന്നതും അതപ്പാടെ കോടതിയിൽ തകർന്നുവീഴുന്നതും റാസിക്ക് റഹീം തൻ്റെ പുസ്തകത്തിൽ വിസ്തരിക്കുന്നുണ്ട്.

 ഒരു നാൾ പോലീസ്‌ സംരക്ഷണത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്ന ഈ യുവാക്കളിൽ ഒഴിഞ്ഞു മാറിയിരിക്കുന്ന ഷമ്മാസിൻ്റെ അടുക്കൽ തഞ്ചത്തിലൊരു പോലീസുകാരനെത്തുന്നു. എന്നിട്ട് ഷമ്മാസിനോടയാൾ പറയുന്നുവത്രേ ആരും ശ്രദ്ധിക്കുന്നില്ല, വേണമെങ്കിൽ ഓടിരക്ഷപ്പെട്ടോളൂ. ഭാഗ്യത്തിനായുവാവ് ഓടാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അപ്പോഴെങ്ങാനുമായുവാവ് ഓടിക്കളഞ്ഞിരുന്നുവെങ്കിലോ  .ഒന്ന് സങ്കൽപിച്ചു നോക്കൂ. തെളിവെടുപ്പ് സമയത്ത് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദേശദ്രോഹിയായ കൊടും ഭീകരനെ നമ്മുടെ പോലീസ് സേന അതി സാഹസികമായി കീഴടക്കി. പോലീസുകാർക്ക് അഭിനന്ദനം എന്നാവും. എന്തെന്ത് കുതൂഹലമാവും അന്ന് മുതൽ വാർത്താ മാധ്യമങ്ങളുടെ അപസർപ കഥാഖ്യാനം. ഭാഗ്യത്തിനാ യുവാവ് ഓടാതിരുന്നു. അക്കഥകളൊക്കെയും റാസിഖ് പുസ്തകത്തിൽ വിസ്താരത്തിൽ തന്നെ അന്വയിക്കുന്നുണ്ട്.  

കേസും വിചാരണയും തടവും കൊടുംതടവും ഒക്കെയായി വശപ്പെട്ട് കഴിഞ്ഞ ഗതകാലം. കുടുംബം പോലും തകർന്നു പോകാവുന്ന തരത്തിൽ നിരന്തരം നെറികേടുകൾ മാത്രം പ്രവർത്തിക്കാൻ വ്യവസ്ഥയും അധികാരവും പത്രമാധ്യമനിഗൂഢതകളും ഒരുമിച്ചു കുതറിയ അഭിശപ്ത കാലം. ആ കാലമാണീ പുസ്തകം പറയുന്നത്. നാട്ടിലും പുറം നാട്ടിലും എവിടെയെങ്കിലും ആരൊക്കെ പടക്കം പൊട്ടിച്ചാലും അധികാര വ്യവസ്ഥ ഈ സുഹൃത്തുക്കളെ തേടി നിരന്തരം  കുരച്ചെത്തുക പതിവായി.  

ഇല്ലാകഥകൾ മെനഞ്ഞാണ് ഈ കുട്ടികൾ അന്ന് പിടിക്കപ്പെട്ടത്. ഈ ഇനത്തിൽ നിരവധി സ്ഫോടനാനുഷ്ടാനങ്ങൾ കേരളത്തിലക്കാലത്ത് നിരന്തരം സംഭവിച്ചിരുന്നു. ഒരു പക്ഷേ പാനായിക്കുളം കേസിന് ആവശ്യത്തിലധികം ദൃശ്യത നൽകാൻ അധികാരവ്യവസ്ഥ തന്നെ ആസൂത്രണം ചെയ്തത് തന്നെയാവാം ഇതൊക്കെയും. ഇതിലൊന്നാണ് 2008ലെ വാഗമൺ കേസ്. ഇതുമായി ബന്ധപ്പെട്ട് റാസിക്കിനെ പോലീസ് വിളിച്ചു വരുത്തുന്നുണ്ട്. മൊഴി രേഖപ്പെടുത്തി പോകാനിരിക്കേ ഡി വൈ എസ് പി നേരിട്ട് തന്നെ ചോദിക്കുന്നു ഈ കേസ് റാസിഖിന് ഏറ്റെടുത്തു കൂടേ എന്ന്.  ഈ ഭാഗം വായിച്ചു പോകുമ്പോൾ സത്യത്തിൽനാം സ്തംഭിച്ചു പോകും. കേസന്വേഷിക്കേണ്ട പോലീസ് നിസ്സഹായനായ ഒരു പൗരനോട് പ്രതിയാവാൻ അഭ്യർത്ഥിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ഇതിൽ പല അടരുകൾ കാണാം. പാനായിക്കുളം കേസടക്കം സർവതും  കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കറിയാം . എനി പാനായിക്കുളം വാഗമൺ കേസിലും ഉൾപ്പെട്ടാൽ  രണ്ട് കേസിനും ബലമേറും. പ്രതിയെ പിടിച്ച മേനിയിൽ ഇവർക്കൊക്കെയും പട്ടും വളയും. ഒപ്പം ഒരു ന്യൂനപക്ഷ ജനതയുടെ സ്വസ്ഥജീവിതത്തിനുമേൽ തീ കോരിയിട്ട ആത്മ സംതൃപ്തിയും.  മുസ്ലിം യുവാക്കളെ കള്ളക്കേസിൽ പെടുത്താൻ അധികാരത്തിന് കൂട്ടുനിൽക്കുന്ന പോലീസിന് വേണ്ടത്ര എരിവും മസാലയും ചേർത്ത് അവരെ നിത്യ നരകത്തിലേക്ക് മറിച്ചിടാൻ പത്രമാധ്യമങ്ങൾ എഴുതി പഠിപ്പിച്ചത് അറക്കുന്ന കഥകളായിരുന്നു. അധികാരവും മാധ്യമങ്ങളും ചേരുമ്പോൾ മുസ്ലിം ജീവിതം ഭീതിയിൽ മുങ്ങുക എളുപ്പത്തിൽ സാധ്യമാണ്. അക്കഥകൂടിയാണ് റാസിഖിൻ്റെ പുസ്തകം.

കെട്ടിച്ചമച്ച കേസുകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടുള്ള അന്വേഷണവും ഉത്തരേന്ത്യയിൽ സാധാരണമാണ്. അതിൻ്റെ തനി ആവർത്തനം തന്നെയാണ് കേരളത്തിലും നടന്നത്. കീഴ്ക്കോടതി ശിക്ഷിച്ച കേസിൽ ഹൈക്കോടതിയാണീ യുവാക്കൾക്ക് നീതി നൽകിയത്. എന്നിട്ടും ശിക്ഷ പുനസ്ഥാപിച്ചു കിട്ടാൻ സുപ്രീം കോടതി വരേ നമ്മുടെ അധികാരവ്യവസ്ഥ നിർലജ്ജം കയറിയിറങ്ങി. ഈ വ്യവഹാര ക്കിതപ്പിൻ്റെ കഥ കൂടിയാണ് റാസിഖിൻ്റെ പുസ്തകം.  കള്ള സാക്ഷികളുടേയും കള്ളവാർത്തകളുടേയും ബലത്തിൽ അധികാരത്തിൻ്റെ ഈ അധമസംഘം കശക്കിയെറിഞ്ഞത് നിരവധി യുവാക്കളുടെ ജീവിതമാണ്. അവർ നിർദ്ദയം കടിച്ചു കീറിയ ജീവിതങ്ങളുടെ ദുരന്ത  കഥ കൂടിയാണ് തടവറ കാലം. കേസിന്റെ വിചാരണയ്ക്കിടയിൽ കയറി പാനായിക്കുളം കേസിലെ സാക്ഷികൾക്ക് ഭീഷണി എന്ന വാർത്ത എഴുതി എരിവ്‌ ചേർത്തത് മലയാള മനോരമയാണ്. ഒരു രാജ്യവും അവിടുത്തെ ചേതോഹരമാകേണ്ട ഭരണ സംവിധാനവും പൗര ജനത്തിന്റെ ഇടനെഞ്ചിലേക്ക് മണ്ടി കയറിയാൽ നാം എന്ത് ചെയ്യും? ഒരു ഭരണ വ്യവസ്ഥ അവരുടെ പൗരന്മാരെ നികൃഷ്ടമാം വിധം വംശീയമായി വിഭജിക്കാൻ ശ്രമിച്ചാൽ നമ്മുടെ ജനങ്ങൾ പിന്നെങ്ങനെ ജീവിച്ചു തീർക്കും . ആ ദീനജീവിതക്കഥ കൂടിയാണ് തടവറ കാലം. ജനത്തെ നായാടാൻ അധികാരം സ്വന്തമാക്കിയ ശേഷിയുടെ പേരാണ്  യു .എ . പി.എ. നിയും . മനുഷ്യ ജീവിതത്തെ ഒതുക്കാൻ അധികാരത്തിന് എന്തുമാത്രം സൗകര്യമുണ്ടെന്നും പെടുത്തിക്കഴിഞ്ഞാൽ കരകയറൽ എന്തു മാത്രം സങ്കീർണമാണെന്നും സാമാന്യ മനുഷ്യർക്ക് ഇന്നും അറിയില്ല . അതറിയാനുള്ള  പാഠപുസ്തകം കൂടിയാണ് റാസിഖിൻ്റെ ആത്മക കഥ.

 നമ്മൾ പുറമേ കാണുന്നതല്ല സത്യത്തിൽ ഈ ഭരണസംവിധാനം. പുറമേയുള്ള ചിരിയും കളിയുമല്ല അധികാരം.  കാണുന്നതിൽ നിന്ന് തീർത്തും വിരുദ്ധവും അത്യന്തം ക്രൂരവുമായ മറ്റൊരു അധോ ഭരണഭീകരത ഇവിടെ നിലനിൽക്കുന്നുണ്ട്. അതിൻ്റെ നിരീക്ഷണത്തിലാണ് എപ്പോഴും പൗരജനം. തൻ്റെ കൊമ്പും കോമ്പല്ലും രാഗി ക്കൂർപ്പിച്ച് അതങ്ങനെ ഒളിച്ചിരിക്കുകയാണ്. സന്ദർഭമൊത്തു വന്നാൽ  ചാടി വീഴും .പിന്നെ രക്ഷയില്ല. ഈ സത്യപാഠം കൂടിയാണ് റാസിഖിൻ്റെ പുസ്തകം. 318 താളുകൾ മറിയുമ്പോൾ സത്യത്തിൽ നാം  ക്രുദ്ധതമേവുന്ന ഏതോ ഒരു തടവറക്കകത്ത് പെട്ട പോലെ തോന്നും .നാം തന്നെയാണ് റാസിക് .നാം തന്നെയാണ് ഇതിലെ ഓരോ തടവുകാരനും. നാം തന്നെയാണ് നീതിക്കായി പതിനേഴാണ്ട്   നിരന്തരം കുതറിയത് . ആരും എപ്പോഴും അകപ്പെടാവുന്ന ഇരുമ്പറ യാണ് അധോലോകം പണിത് വെച്ചത്. സ്വന്തം ജീവിതമെഴുതിയതുകൊണ്ടാവാം നല്ല ഒഴുക്കുള്ള ഭാഷയും ആഖ്യാനവുമാണ് റാസിഖിൻ്റെ പുസ്തകത്തിനുള്ളത്. നിരപരാധികളായ യുവാക്കളുടെ ജീവിതം, അവരുടെ പുത്രകളത്രങ്ങൾ , രക്ഷിതാക്കൾ, ബന്ധുമിത്രാദികൾ ജീവിതായോധന മാർഗങ്ങൾ ഇതാസകലം കടന്നുപോയ ദുരന്ത വേദന . തടവറക്കാലം നമ്മെ ചുട്ടുപൊള്ളിക്കുന്നു. ബോസ്നിയൽ ചിന്തകനായ അലിയാ ബെഗോവിക്ക് നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. സ്ഥലത്തിൻ്റെ പരിമിതിയും  സമയത്തിൻ്റെ ധാരാളിത്തവുമാണ് തടവറയെന്നാണത്. ഒപ്പം കരിഞ്ഞ സ്വപ്നങ്ങളുടെ കരിഞ്ഞ കണ്ടങ്ങളും. ഒരു നെടുവീർപ്പോട് കൂടി മാത്രമേ റാസിഖ്ൻ്റെ പുസ്തകം വായിച്ചു തീർക്കാനാവൂ.

 

WhatsApp