വാണിദാസ് എളയാവൂർ എന്ന തൂലികാനാമത്തിലെഴുതുന്ന പി.വി. ഗംഗാധരൻ നമ്പ്യാർ 1935 ജൂൺ 4-ന് കണ്ണൂർ ജില്ലയിൽ എളയാവൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്: എം. വി. കൃഷ്ണൻനമ്പ്യാർ. മാതാവ്: പടിഞ്ഞാറേവീട്ടിൽ അമ്മാളുഅമ്മ. 36 വർഷത്തെ അദ്ധ്യാപനത്തിനുശേഷം കൂടാളി ഹൈസ്‌കൂളിൽനിന്ന് റിട്ടയർ ചെയ്തു. വിശിഷ്ടാദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ചിട്ടുണ്ട്. രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന് എൻ.സി.ഇ.ആർ.ടി.യുടെയും ഏകകബോധിനി എന്ന ഗ്രന്ഥത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ഇന്ദിരാഗാന്ധി സദ്ഭാവനാപുരസ്‌കാരം', 'ബോംബെ കേരളസമാജം സാഹിത്യ അവാർഡ്' തുടങ്ങിയ ബഹുമതി കൾക്കും അർഹനായി. പ്രവാചകകഥകൾ, ഖുറാന്റെ മുന്നിൽ വിനയാന്വിതം, പ്രസംഗം ഒരു കല, തീർത്ഥപ്രയാണം തുടങ്ങിയ ഇരുപതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ കെ.എം. യശോദ.